തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായി. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. രാഹുലിനെതിരായ നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം കോൺഗ്രസ് ഹൈക്കമാൻഡ് നൽകി.(High command also abandons Rahul Mamkootathil)
രാഹുൽ മാങ്കൂട്ടത്തിനെതിരെ ലഭിച്ച പരാതികളിലെ വിവരങ്ങൾ ഹൈക്കമാൻഡ് തേടിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപ ദാസ് മുൻഷിയിൽ നിന്നാണ് നേതൃത്വം വിവരങ്ങൾ ശേഖരിച്ചത്. എംഎൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതാണെന്ന് ദീപ ദാസ് മുൻഷി ഹൈക്കമാൻഡിനെ അറിയിച്ചു. ഇത്തരം വിഷയങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അവർ നേതൃത്വത്തെ ധരിപ്പിച്ചു.
ആദ്യ പരാതി വന്ന സമയത്തുതന്നെ ദീപ ദാസ് മുൻഷി വിശദമായ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറിയിരുന്നു. കെപിസിസി ശുപാർശയോടെ എഐസിസി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ഇന്നത്തെ കേസ് ലിസ്റ്റിലെ 16-ാമത്തെ ഹർജിയായിട്ടായിരിക്കും രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.
അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാൻ സാധ്യതയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഇതുസംബന്ധിച്ച ഹർജി നൽകിയിരുന്നു. എന്നാൽ, ഇര ആവശ്യപ്പെട്ടാലായിരിക്കും കോടതി ഇക്കാര്യം അംഗീകരിക്കുക. രഹസ്യവാദത്തിനുള്ള മെമ്മോയാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരിക്കുന്നത്.
അതേസമയം, പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 31 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചന നൽകിക്കൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുകെ മുരളീധരൻ പറഞ്ഞത്. പുകഞ്ഞ കൊള്ളി പുറത്താണ്; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹം തന്നെ തീരുമാനിക്കണം, അത് പാർട്ടിയല്ല. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾക്കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചു." തന്റെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.