

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ (ജിസിഡിഎ) നിന്ന് വിശദീകരണം ആവശ്യപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡൻ. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎയുമായി സ്പോൺസർ കമ്പനി ഒപ്പിട്ട കരാറിൻ്റെ പകർപ്പ് ലഭ്യമാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.(Hibi Eden MP questions GCDA on Kaloor Stadium renovation)
ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നടത്തിവരുന്ന നവീകരണ പ്രവർത്തനങ്ങളിൽ വ്യക്തത തേടിയാണ് ജിസിഡിഎ ചെയർമാന് ഹൈബി ഈഡൻ കത്ത് നൽകിയത്.
സ്പോൺസർ കമ്പനിയുമായുള്ള ഔദ്യോഗിക കരാറിൻ്റെയോ ധാരണാപത്രത്തിൻ്റെയോ പകർപ്പ് ലഭ്യമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവീകരണ പ്രവർത്തനങ്ങളിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്റ്റേഡിയം സജ്ജമാകുമോ എന്നും, അർജന്റീനയുടെ മത്സരം നടക്കാത്ത സാഹചര്യത്തിൽ, സ്പോൺസർക്ക് സ്റ്റേഡിയത്തിലുള്ള അവകാശങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
നവീകരണ പദ്ധതിയുടെ നിലവിലെ സമയക്രമം, വ്യാപ്തി, ഭാവിയിലെ കായിക-സാംസ്കാരിക പരിപാടികൾക്ക് ഈ നവീകരണം എങ്ങനെ ഗുണം ചെയ്യും തുടങ്ങിയ കാര്യങ്ങളിലും എംപി കത്തിലൂടെ വിശദീകരണം തേടിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.