
തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് ഹെറോയിൻ കടത്തിയ കേസിലെ പ്രതികളെ തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി കഠിനതടവിന് വിധിച്ചു(Heroin case). 130 കോടി വില വരുന്ന 22.60 കിലോ ഹെറോയിനാണ് ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവർ കടത്തിയത്.
ഇവർക്ക് 60 വർഷം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കിളിമാനൂർ സ്വദേശി ബിനുക്കുട്ടൻ (46), വെള്ളല്ലൂർ സ്വദേശി ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളായ ഇവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നാണ് പിടികൂടിയത്.