

തൃശൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിലായി. വിയ്യൂർ പടുക്കാട് പുത്തൻ വീട്ടിൽ ഹെൻറി ജോസഫ് (31) ആണ് പിടിയിലായത്. മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെറുതുരുത്തി പോലീസ് സംഘം സാഹസികമായാണ് ഇയാളെ പിടികൂടിയത്.
ആലപ്പുഴ സ്വദേശിനിയും ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന യുവതിയെയാണ് ഹെൻറി ജോസഫ് ചതിയിൽപ്പെടുത്തിയത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിശ്വാസം പിടിച്ചുപറ്റി യുവതിയുടെ 40 പവൻ സ്വർണ്ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കൈക്കലാക്കി. 2024-ലാണ് ഇയാൾ പണവും സ്വർണ്ണവുമായി നാടുവിട്ടത്.
പ്രതി രാജ്യം വിടാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ചെറുതുരുത്തി സി.ഐ വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് തിരിക്കുകയായിരുന്നു. എയർപോർട്ടിൽ വെച്ച് വിദേശത്തേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് പോലീസ് സംഘം ഇയാളെ വലയിലാക്കിയത്. എസ്.ഐമാരായ എ.ആർ. നിഖിൽ, ജോളി സെബാസ്റ്റ്യൻ, പോലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ തൃശൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിയെടുത്ത സ്വർണ്ണവും പണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.