
കൊച്ചി: മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടർന്ന് റജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആകെ റജിസ്റ്റർ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചതായി സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളെ ആസ്പദമാക്കി കേസെടുക്കാനും അന്വേഷിക്കാനും പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതകൾക്ക് സാധ്യമായ എല്ലാ സഹായവും നല്‍കി. ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവര്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണവുമായി സഹകരിച്ചില്ല. തുടര്‍ന്നാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മൊഴി നല്‍കാന്‍ എസ്‌ഐടി ആരെയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി എസ്‌ഐടിയുടെ നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും കോടതി നിർദേശിച്ചു. പുതിയ നിയമം വരുന്നതുവരെ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.
ആഗസ്റ്റ് മാസത്തിൽ സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായ കോൺക്ലേവ് സംഘടിപ്പിക്കും. ഇതിൽ ഉരുത്തിരിയുന്ന നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും സിനിമ നയം രൂപീകരിക്കാനുള്ള കരട് തയാറാക്കുക. നിയമത്തിന്റെ കരട് തയാറാക്കിയ ശേഷം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.