തിരുവനന്തപുരം: ഡൽഹിയിൽ പുകമഞ്ഞ് അതിരൂക്ഷമായതിനെത്തുടർന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെ, സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കാൻ എയർ ഇന്ത്യ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.(Heavy smog, Delhi-Thiruvananthapuram Air India flight service cancelled)
യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർ ഇന്ത്യ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ടിക്കറ്റ് തുക 7 ദിവസത്തിനകം റീഫണ്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അടിയന്തരമായി നാട്ടിലെത്തേണ്ട വിദേശമലയാളികളടക്കം നൂറുകണക്കിന് യാത്രക്കാർ ഇതോടെ ഡൽഹിയിൽ കുടുങ്ങി. വിദേശത്തുനിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് കണക്ഷൻ ടിക്കറ്റ് എടുത്തവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
വായുമലിനീകരണം അപകടകരമായ നിലയിലെത്തിയതോടെ ഡൽഹിയിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. കൃത്യമായ മലിനീകരണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ല. ഭാരത് സ്റ്റേജ് (BS) 6-ന് താഴെയുള്ള വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഡൽഹിക്ക് പുറത്തുനിന്നുള്ള ഇത്തരം വാഹനങ്ങളെ അതിർത്തിയിൽ തന്നെ തടയും.
അതിർത്തികളിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ മറ്റ് നിരവധി സർവീസുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.