

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് (ഞായറാഴ്ച) സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.
തിങ്കളാഴ്ചയും (നാളെ) ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനക്കാൻ സാധ്യതയുള്ള അന്തരീക്ഷ ഘടകങ്ങളും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.നിലവിൽ കന്യാകുമാരി കടലിന് മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് കാരണമാകും.