
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിലും വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (Heavy rains to continue in the state, Orange alert in 4 districts today)
ഇന്ന് (ഒക്ടോബർ 23) വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്
ഇന്ന് (ഒക്ടോബർ 23) : കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്
നാളെ (ഒക്ടോബർ 24) : കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം
യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
24/10/2025: തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
27/10/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ ഗോഡ്
ന്യൂനമർദത്തിൻ്റെ നിലവിലെ സ്ഥിതി
തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു.ബംഗാൾ ഉൾക്കടലിൽ: തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ മറ്റൊരു ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെയാകും ഇത് നീങ്ങുക. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ മുൻനിർത്തി പ്രത്യേക ജാഗ്രത പാലിക്കണം. മുന്നറിയിപ്പുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.