തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ന്യൂനമർദം (Low Pressure) രൂപപ്പെട്ടതിൻ്റെയും, തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരള തീരത്തിന് സമീപമായി ചക്രവാതച്ചുഴി (Cyclonic Circulation) നിലനിൽക്കുന്നതിൻ്റെയും ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Heavy rains likely in Kerala in the coming days, yellow alert in 2 districts today)
കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് (നവംബർ 15 മുതൽ 19 വരെ) ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) ലഭിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച്, ഇന്ന് (നവംബർ 15) പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്. നവംബർ 16-ന് ഇടുക്കി ജില്ലയിലും, നവംബർ 17-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നവംബർ 18-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, നവംബർ 19-ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (നവംബർ 15) മുതൽ നവംബർ 19 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.