തിരുവനന്തപുരം : കാറ്റും മഴയും ശക്തമായതിനാൽ മരക്കൊമ്പുകൾ വീണോ മറ്റോ വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്ന് കെഎസ്ഇബി. രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാൻ അനുവദിക്കുകയുമരുത്.
സർവീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളിൽ സർവീസ് വയർ കിടക്കുക, സർവ്വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പർ അപകടങ്ങൾ അറിയിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിലോ സെക്ഷൻ ഓഫീസിലോ വിളിക്കാവുന്നതാണ്.