

കോഴിക്കോട്: വിലങ്ങാട് വീണ്ടും അതിശക്തമായ മഴ പെയ്യുകയാണ്. മലയോരമേഖലയെ ഭീതിയിലാഴ്ത്തിയ മഴ പെയ്തത് രാത്രിയോടെയാണ്. ഇതോടെ വീണ്ടും വെള്ളത്തിനടിയിലായിരിക്കുകയാണ് വിലങ്ങാട് ടൗണ്‍ പാലം.
ഇതേത്തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്. അതിശക്തമായ മഴയാണ് വനമേഖലയിലും ലഭിക്കുന്നത്. നാട്ടുകാർ ഉരുൾപൊട്ടൽ നാശം വിതച്ച മഞ്ഞച്ചീളി മേഖലയില്‍ നിന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കുടുംബങ്ങളെ മാറ്റിയത് വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ്. മഞ്ഞകുന്ന് പാരിഷ് ഹാളിലും, വിലങ്ങാട് സെൻറ് ജോര്‍ജ് സ്‌കൂളിലുമായി 6 കുടുംബങ്ങളിലെ മുപ്പതോളം പേരെ മാറ്റിപ്പാർപ്പിച്ചു.
അപകടസാധ്യതയുള്ള മേഖലയാണെന്ന് പ്രത്യേക പഠനസംഘം റിപ്പോർട്ട് നൽകിയ പ്രദേശത്തുള്ളവരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.