തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനമനുസരിച്ച്, കേരളത്തിൽ നവംബർ 16 മുതൽ 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് 'ശക്തമായ മഴ' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.(Heavy rain likely in Kerala for next 5 days, Yellow alert in 2 districts today)
ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബർ 18ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. നവംബർ 19ന് കോട്ടയം, ഇടുക്കി ജില്ലകളിൽ വീണ്ടും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നവംബർ 20ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻ്റെ (INCOIS) മുന്നറിയിപ്പ് പ്രകാരം, കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് (നവംബർ 16, 2025) ഉയർന്ന തിരമാലകൾ കാരണം തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്. തിരുവനന്തപുരം തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 08.30 വരെ 0.9 മീറ്റർ മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
കന്യാകുമാരി ജില്ലയിലെ തീരങ്ങളിൽ (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് വൈകുന്നേരം 05.30 വരെ 1.3 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.