തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.(Heavy rain in the state, Orange alert for next 3 hours in Alappuzha, Kottayam and Ernakulam districts)
സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ അന്തരീക്ഷത്തിൽ ഒന്നിലധികം ചക്രവാതച്ചുഴികളും ന്യൂനമർദ്ദങ്ങളും നിലനിൽക്കുന്നുണ്ട്. കന്യാകുമാരി കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും നിലവിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു:
ഇന്ന് (22/11/2025): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
23/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
24/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം.
25/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
26/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.