കോഴിക്കോട്: ജില്ലയിലെ മലയോര-തീരദേശ മേഖലകളിൽ രാവിലെ മുതൽ കനത്ത മഴ തുടരുന്നു. കോഴിക്കോട് അടക്കം മൂന്ന് വടക്കൻ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ മഴയെത്തുടർന്ന് കോഴിക്കോട് നഗരത്തിലും പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.(Heavy rain in Kozhikode, Waterlogging on roads)
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തിങ്കളാഴ്ച (ഇന്ന്) 'മോൻത' ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയിലോ ഇത് ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് വീശാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാവുകയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നതും.