
മേപ്പാടി: ഉരുൾപൊട്ടൽ വിനാശം വരുത്തിവെച്ച മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് മഴ തുടരുന്നു. പുന്നപ്പുഴ കുത്തിയൊഴുകുകയാണ്. ഒഴുക്കിന്റെ ശക്തിയിൽ, ദുരന്തത്തിന് ശേഷം പുഴയ്ക്ക് കുറുകെ താത്കാലികമായി സ്ഥാപിച്ച ഇരുമ്പ് പാലം തകർന്നുപോയി. ബെയ്ലി പാലത്തിന് സമാന്തരമായുള്ള പാലമാണ് മഴയിൽ തകർന്നത്. മഴ ശക്തമായതോടെ ബെയ്ലി പാലം അടച്ചു. മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലും ഉച്ചവരെ വെയിൽ ഉണ്ടായിരുന്നു. വൈകിട്ടോടെയാണ് മഴ ശക്തമായത്.
ശക്തമായ ഒഴുക്കിനിടെ പുന്നപ്പുഴയിലൂടെ പശു ഒഴുകിപ്പോയി. അഗ്നിരക്ഷാപ്രവർത്തകരടക്കമുള്ളവർ മുക്കാൽ മണിക്കൂറോളം സമയമെടുത്താണ് പശുവിനെ രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റി. ഒഴുക്കിനിടെ പശുവിന്റെ കാൽ തകർന്ന പാലത്തിൽ കുടുങ്ങുകയായിരുന്നു. പശുവിന് പ്രാഥമിക ശുശ്രൂഷ നൽകി.