തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.(Heavy rain expected in Kerala, Orange alert in 3 districts today)
ഈ ദിവസങ്ങളിൽ ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-ന് രാവിലെയോടെ 'തീവ്ര ചുഴലിക്കാറ്റായി' വീണ്ടും ശക്തിപ്പെടും.
'മോൻത' നാളെ തീരം തൊടും
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപപ്പെട്ട 'മോന്ത' (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. ഒക്ടോബർ 28-ന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
മോന്ത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡീഷയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എൻ.ഡി.ആർ.എഫ്. (NDRF), എസ്.ഡി.ആർ.എഫ്. (SDRF) സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിലെ മഴ സാഹചര്യവും സമീപ സംസ്ഥാനങ്ങളിലെ ചുഴലിക്കാറ്റ് ഭീഷണിയും കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.