തൃശ്ശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയായി, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബി.ജെ.പിയിൽ ചേർന്നു. തൃശ്ശൂരിലെ ബി.ജെ.പി. ഓഫീസിലെത്തിയാണ് സുജീഷ കള്ളിയത്ത് അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.(Heavy blow to Congress in Thrissur, Panchayat President joins BJP)
കോൺഗ്രസ് നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു. "കഴിഞ്ഞ അഞ്ച് വർഷവും കോൺഗ്രസ് നേതാക്കൾ തന്നെ ഭരിക്കാൻ അനുവദിച്ചില്ല. അവരുടെ നിരന്തരമായ ഇടപെടലും അവഗണനയുമാണ് പാർട്ടി മാറാൻ കാരണം," സുജീഷ ആരോപിച്ചു.
ചേർപ്പ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഈ ഞെട്ടിക്കുന്ന നീക്കം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.