കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അടുത്ത 72 മണിക്കൂർ നിരീക്ഷണം അതീവ നിർണ്ണായകമാണ്. സങ്കീർണ്ണമായ ശസ്ത്രക്രിയയായതിനാൽ സ്വാഭാവികമായ വെല്ലുവിളികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അവ മറികടക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ വ്യക്തമാക്കി.(Heart transplant surgery at Ernakulam General Hospital, Doctors say Durga's condition is satisfactory)
ഇന്ത്യയിൽ ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്. വിദേശ പൗരയായതിനാൽ അവയവദാന മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് തടസ്സമുണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബുവിന്റെ (46) അവയവങ്ങളാണ് ഏഴു പേർക്ക് പുതുജീവനേകിയത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കോർണിയകൾ, ത്വക്ക് എന്നിവയാണ് ഷിബുവിന്റെ കുടുംബം ദാനം ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് ഹൃദയം ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിലെത്തിച്ച ശേഷം വെറും നാല് മിനിറ്റ് കൊണ്ടാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.ഷിബുവിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.