
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു.
മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി.
പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം.
കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
രോഗലക്ഷണങ്ങൾ
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന കാലയളവായ ഇൻകുബേഷൻ പിരീഡ് നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെ ആകാം. പനിയോടൊപ്പം തലവേദന, ചർദ്ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണം സമയം കഴിയുംതോറും വർധിച്ചു വരാം എന്നതും രോഗ തീവ്രത വർദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വർധിച്ചേക്കാം എന്നതും രോഗത്തിന്റെ പ്രത്യേകതയാണ്.
മുൻകരുതൽ
മറ്റുള്ളവരും ആയി ഇടപഴകുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. ഇടയ്ക്കിടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യുക.രോഗലക്ഷണങ്ങൾ ഉള്ളവരും അവരുമായി ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്‌ക് ധരിക്കണം.