തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ നിലത്ത് കിടത്തി ചികിത്സയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ഉൾക്കൊള്ളുന്നതിലും അധികം രോഗികളാണ് എത്തുന്നത്. എങ്കിലും ഒരു രോഗിയെ പോലും തിരിച്ചയക്കുന്നില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.(Health Minister Veena George justifies treatment on the floor in medical colleges)
ഉൾക്കൊള്ളുന്നതിലും അധികം രോഗികൾ മെഡിക്കൽ കോളേജുകളിൽ എത്തുന്നുണ്ട്. എങ്കിലും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുകയും ഒരു രോഗിയെ പോലും തിരിച്ചയക്കാതിരിക്കുകയും ചെയ്യും. റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടരുത്. ബെഡ് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യാവൂ.
സ്വകാര്യ ആശുപത്രികളിൽ നിന്ന് ധാരാളം രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളെ ഉപേക്ഷിച്ച് കടന്നുകളയുന്നവർ ഉണ്ട്. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ തറയിൽ കിടക്കുന്നത് പ്രാകൃതമെന്ന് വിമർശിച്ച ഡോ. ഹാരിസിന്റെ പരാമർശത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. വിഷയത്തിൽ ഡോ. ഹാരിസിനോട് തന്നെ ചോദിക്കൂ എന്ന് മന്ത്രി പ്രതികരിച്ചു. മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര സൗകര്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ യൂറോളജി ഡിപ്പാർട്ട്‌മെന്റിൽ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. അന്നുമുതൽ ഡോ. ഹാരിസ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിലുള്ള ഉദ്യോഗസ്ഥനാണ്.