
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും. ഷോയുടെ ചരിത്രത്തിൽ ആദ്യമായാണ് ലെസ്ബിയൻ കപ്പിൾ മത്സരിക്കാൻ എത്തുന്നത്. ഇരുവരും ഇപ്പോൾ ഹൗസിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളുമാണ്. കഴിഞ്ഞ ദിവസം ലൈഫ് സ്റ്റോറി പറയേണ്ട ടാസ്ക്കിൽ നൂറ തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
താൻ രണ്ട് തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഏറെക്കാലം ആ ട്രോമയിലൂടെയാണ് ജീവിച്ചതെന്നും നൂറ വെളിപ്പെടുത്തി. "മൂന്ന് അബോർഷൻ സംഭവിച്ചശേഷമാണ് താൻ ജനിച്ചത്. ഉമ്മക്കും ഉപ്പക്കും ആറ്റുനോറ്റുണ്ടായ കുട്ടിയാണ് താൻ. ഉപ്പയുമായി താൻ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. താൻ വലിയ നിലയിൽ എത്തണമെന്ന ആഗ്രഹം ഉപ്പയ്ക്കുണ്ടായിരുന്നു. ആദിലയുമായുള്ള റിലേഷൻഷിപ്പ് അറിഞ്ഞപ്പോൾ ഉപ്പയ്ക്ക് ബുദ്ധിമുട്ടായി. ഉപ്പയ്ക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഉപ്പ തനിക്ക് ഒരു ഡയമണ്ട് നെക്ലേസ് വാങ്ങി തന്നിരുന്നു. വീട് വിട്ട് ഇറങ്ങിയപ്പോൾ തന്റെ കയ്യിൽ സൂക്ഷിച്ചതും അത് മാത്രമാണ്. സ്നേഹത്തിൽ പൊതിഞ്ഞ ആ നെക്ലേസ് താൻ ആദിലയ്ക്ക് കൊടുത്തിട്ടുണ്ട്." - നൂറ പറഞ്ഞു.
തന്റെ കുട്ടിക്കാലത്ത് താൻ തീരെ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ട്. പിന്നീട് താൻ രണ്ട് വട്ടം അബ്യൂസ് നേരിട്ടിട്ടുണ്ടെന്നും നൂറ പറയുന്നു. "ഇക്കാര്യം താൻ ഇതുവരെ തന്റെ പങ്കാളിയോടും രണ്ടാമത്തെ അനിയത്തിയോടും മാത്രമേ പറഞ്ഞിട്ടുള്ളു. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന സമയത്തായിരുന്നു ഇത്തരത്തിൽ ഒരു ദുരനുഭവം നേരിട്ടത്. താനും തന്റെ സഹോദരിയും ട്യൂഷന് പോകാറുണ്ടായിരുന്നു. ഒരു ദിവസം ഒരാൾ വന്ന് തന്നോട് ഒരു കടയിലേക്ക് വഴി ചോദിച്ചു. താൻ വഴി കാണിച്ച് കൊടുക്കാനായി അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ തന്നെ കൊണ്ടുപോയത് അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്കാണ്. അയാളുടെ കയ്യിൽ കത്തിയും ഉണ്ടായിരുന്നു. അയാൾ തന്റെ കഴുത്തിൽ കത്തി വെച്ചു. രണ്ട് വട്ടം ഞാൻ അബ്യൂസ്ഡായിട്ടുണ്ട്. ട്രോമയെല്ലം ഉണ്ടായിരുന്നുവെങ്കിലും പാരന്റ്സിനോട് തനിക്ക് പറയാൻ പറ്റിയില്ല. പറഞ്ഞാൽ അവർ എന്താകും വിചാരിക്കുക എന്നാണ് താൻ ചിന്തിച്ചത്." - നൂറ പറയുന്നത്.