കണ്ണൂർ: സിപിഎമ്മിൽ നിന്ന് മാറി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ പ്രസ്താവനകൾ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശത്രുപക്ഷത്ത് ചേരാൻ തീരുമാനിച്ചാൽ ആർക്കും എന്തു വിളിച്ച് പറയാവുന്ന അവസ്ഥയുണ്ടാകുമെന്നും സുധാകരൻ ഇപ്പോൾ ആ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.(He even insults his own brother’s martyrdom, CM against G Sudhakaran)
സുധാകരന്റെ സഹോദരൻ ഭുവനേശ്വരൻ കൊല്ലപ്പെട്ട സാഹചര്യം അദ്ദേഹത്തിനും നാടിനും കൃത്യമായി അറിയാവുന്നതാണ്. എസ്എഫ്ഐ നേതാവായിരുന്ന കാലം മുതൽ സുധാകരൻ പറഞ്ഞുപോന്ന കാര്യങ്ങൾക്ക് വിരുദ്ധമായാണ് അദ്ദേഹം ഇപ്പോൾ സംസാരിക്കുന്നത്. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സി.എസ്. സുജാതക്കെതിരായ സുധാകരന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ഒരു സ്ഥാനാർത്ഥി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രസ്താവനകൾ അമ്പലപ്പുഴയിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശത്രു പാളയത്തെ പ്രീതിപ്പെടുത്താൻ വേണ്ടി ഇനിയും ഇത്തരം പരാമർശങ്ങൾ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

