കാസർഗോഡ്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതെന്നും രാഹുൽ 'വടി കൊടുത്ത് അടി വാങ്ങിയെന്നും' അദ്ദേഹം തുറന്നടിച്ചു.(He earned this, Rajmohan Unnithan strongly criticizes Rahul Mamkootathil)
പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു. പി.ആർ. ഏജൻസിയെ ഉപയോഗിച്ച് രാഹുൽ കോൺഗ്രസ് നേതാക്കളെ ആക്രമിച്ചു. "ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്," എന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അത് ഇല്ലാതാക്കി. "പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ല. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും." കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസ് ആയി കാണാൻ തനിക്ക് കഴിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ നിലപാട് വ്യക്തമാക്കി. കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരനെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു. കെ. സുധാകരൻ വാക്ക് മാറ്റി പറയുന്ന ആളാണ്. അതിനാലാണ് കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിനെ മാറ്റിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.