കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പുതിയ കേസെടുത്തു. നിലവിലെ കേസിന് പുറമെയാണിത്. നിലവിലെ കേസിൽ കക്ഷികളായ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവരെ ഒഴിവാക്കിയാണ് കോടതി പുതിയ കേസ് പരിഗണിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ഹൈക്കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു. നിലവിലെ കേസിൽ കക്ഷികളായിരുന്നവരെ ഒഴിവാക്കി, സർക്കാരിനെയും ദേവസ്വം ബോർഡിനെയും ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കിയാണ് കോടതിയുടെ ഈ നിർണായക നടപടി. (HC takes new case in Sabarimala gold theft)
നിലവിലുണ്ടായിരുന്ന കേസ് അടച്ചിട്ട കോടതിമുറിയിൽ പരിഗണിക്കുമ്പോഴും പുറത്ത് വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വർണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർദ്ദേശം നൽകി. കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ സുപ്രധാനമായ ഇടപെടൽ.
ശബരിമല സ്വർണക്കൊള്ള കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ആ കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇന്ന് അടച്ചിട്ട കോടതി മുറിയിൽ കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. എസ്ഐടിയുടെ എസ്പി എസ്. ശശിധരനെ കോടതി വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി തെളിഞ്ഞെങ്കിലും, എന്തുകൊണ്ട് അതിലേക്ക് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാനുള്ള ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസ് ഇനി നവംബർ 15-ന് വീണ്ടും പരിഗണിക്കും.
ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നത്.
1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞു നൽകിയ ദ്വാരപാലക ശിൽപങ്ങൾക്ക് പകരം സ്വർണം പൂശി നൽകിയാൽ പിടിക്കപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും. 2019-ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സന്നിധാനത്തുനിന്ന് ഏറ്റുവാങ്ങി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. ഇവിടെനിന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നതിനിടെയാണ് സ്വർണം കവർന്നതെന്നാണ് എസ്ഐടിയുടെ നിഗമനം. നാഗേഷ്, കൽപ്പേഷ് തുടങ്ങി കൂട്ടുനിന്നവരിലേക്ക് എത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നലെ മുഴുവൻ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തിരുന്നു.
അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിട്ടയച്ചു. ഇന്നലെ രാത്രിയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സന്നിധാനത്തുനിന്ന് കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. അനന്തസുബ്രഹ്മണ്യം പിന്നീട് ഈ പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.