
കൊച്ചി : വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്രത്തോട് രൂക്ഷമായി പ്രതികരിച്ച് കേരള ഹൈക്കോടതി. ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്ന നിലപാട് ആണെന്നും, ചിറ്റമ്മ നയം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. (HC on Wayanad landslide case )
കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ നിർദേശിച്ച കോടതി, കേന്ദ്ര സർക്കാരിന് അധികാരം ഇല്ലെന്നാണോ പറഞ്ഞു വരുന്നത് എന്നും ചോദിച്ചു. വായ്പകൾ എഴുതിത്തള്ളാൻ താല്പര്യം ഇല്ലെങ്കിൽ അത് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും, അധികാരമില്ല എന്ന ന്യായം അല്ല പറയേണ്ടതെന്നും പറഞ്ഞ കോടതി, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് എന്നിവർക്ക് പണം അനുവദിച്ചല്ലോ എന്നും ചൂണ്ടിക്കാട്ടി.
ഇവ എഴുതിത്തള്ളുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്നുള്ള കേന്ദ്രത്തിന്റെ മറുപടിക്ക് ഫൻ്റാസ്റ്റിക് എന്ന് കോടതി പരിഹാസരൂപേണ പ്രതികരിച്ചു. കേന്ദ്രത്തിന്റെ പരിധിയിലുള്ള ബാങ്കുകളുടെ അവരുടെ മറുപടി തൃപ്തികരം അല്ലെങ്കിൽ റിക്കവറി നടപടികൾ നിർത്തിവെക്കാൻ ഉത്തരവ് ഇടുമെന്നു കോടതി വ്യക്തമാക്കി.