കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിവിനുള്ള വിലക്ക് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്നാണ് കോടതി പറഞ്ഞത്. ഇന്ന് കോടതി പരിഗണിച്ചത് ഉത്തരവ് പുനഃപരിശോധിക്കണമെന്നുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയാണ്. (HC on Paliyekkara toll plaza issue)
നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് ഹൈക്കോടതി കലക്ടറോട് വിശദീകരണം തേടി. ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് കോടതി ചോദ്യങ്ങൾ ചോദിച്ചു. നിലവിൽ എവിടെയൊക്കെയാണ് പ്രശ്നങ്ങൾ ഉള്ളതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എ ജി കോടതിയെ അറിയിച്ചത്.
അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര്‍ കോടതിക്ക് മറുപടി നൽകി. ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്നങ്ങള്‍ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശീയപാത അതോറിറ്റി മനപ്പൂർവ്വം റോഡ് നന്നാക്കാതിരിക്കുന്നതല്ല എന്നാണ് എ ജി വാദിച്ചത്.
ഇപ്പോള്‍ ഏതെങ്കിലും ഇടങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. ഇന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ പറഞ്ഞ ഹൈക്കോടതി, സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാൻ പാടുള്ളൂവെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.