
കൊച്ചി : ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിന് കനത്ത തിരിച്ചടിയുമായി ഹൈക്കോടതി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി ഡി ഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഈ ആവശ്യം ഹൈക്കോടതി തള്ളി. സ്‌കൂളിന്റെ ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി.(HC on controversy in school)
ഹിജാബ് വിവാദത്തിൽ കുട്ടിയുടെ പിതാവ്
പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി വിദ്യാർത്ഥിനിയുടെ പിതാവ് രംഗത്തെത്തി. കുട്ടിയെ ടി സി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മാനസികമായി കുട്ടി ബുദ്ധിമുട്ടിലാണെന്നും, അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതർ പറയുന്നതെന്നും, തൻ്റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ ന്നും അദ്ദേഹം ചോദിക്കുന്നു. കുട്ടിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും പിതാവ് വ്യക്തമാക്കി.
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി രംഗത്തെത്തിയിരുന്നു. അവർ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിയോട് നന്ദി പറഞ്ഞു. കൂടാതെ, വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയറിയിച്ചു. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാമെന്നാണ് അവർ പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട് എന്നും, വിദ്യാർത്ഥിനി ടി സി തേടുന്ന കാര്യം അറിഞ്ഞില്ല എന്നും അവർ കൂട്ടിച്ചേർത്തു.
കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നുവെന്നും, കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്‌കൂൾ മാനേജ്‌മെൻറിനെതിരെ അദ്ദേഹം കടുത്ത വിമർശനമാണ് ഉയർത്തിയത്. കുട്ടി സ്‌കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും, ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.