കൊച്ചി : ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത തൻ്റെ ലാൻഡ് റോവർ തിരികെ ലഭിക്കണം എന്നാണവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ കേരള ഹൈക്കോടതി. ഇപ്പോൾ അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച ഹൈക്കോടതി, നിലവിൽ കേസിൽ ഇടപെടേണ്ട സാഹചര്യം ഇല്ല എന്നും നിരീക്ഷിച്ചു.വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. (HC on Dulquer Salmaan's plea )
ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണ് എന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പറഞ്ഞ കസ്റ്റംസ്, ഹർജി നിലനിൽക്കില്ലെന്നും കോടതിയിൽ വാദിച്ചു. നടനിൽ നിന്ന് മറ്റു രണ്ടു വാഹനങ്ങൾ കൂടി പിടിച്ചെടുത്തുവെന്നും ആ നടപടിയെ ദുൽഖർ ചോദ്യം ചെയ്തിട്ടില്ല എന്നും കസ്റ്റംസ് പറഞ്ഞു. കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത് കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് ആണ്.
വർഷങ്ങളായി കൈമാറിയ ഒരു വാഹനത്തിൻ്റെ ഒടുവിലെ ഉടമയാണ് ദുൽഖർ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്ന് ചോദ്യമുന്നയിച്ചു. ഓരോ വണ്ടിയുടെയും വിവരങ്ങൾ പ്രത്യേകം പറയണം വിവരങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി നിർദേശിച്ചു. അതേസമയം, ദുൽഖറിൻറേതടക്കമുള്ള വാഹനങ്ങൾ കസ്റ്റംസ് പിടിയിൽ തുടരുകയാണ്.