കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ ഡി ജി പി എം ആർ അജിത് കുമാറിൻ്റെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്താണ് കാര്യമെന്നാണ് കോടതിയുടെ വിമർശനം.(HC on case against ADGP MR Ajith Kumar )
ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി റിപ്പോർട്ട് ചോദ്യം ചെയ്താണ് എ ഡി ജി പി ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണമില്ലാതെയുള്ള വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാണ് അജിത് കുമാറിൻ്റെ ആവശ്യം. കേസന്വേഷിച്ചത് ഉന്നത ഉദ്യോഗസ്ഥൻ ആണോയെന്ന് കോടതി ചോദിച്ചു. നടപടികളെല്ലാം അറിയിക്കാൻ കോടതി ഡി ജി പിക്ക് നിർദേശം നൽകി. വിജിലൻസ് ഡയറക്ടറോടും കോടതി വിശദീകരണം തേടി.
നിയമ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയത് എങ്കിൽ അത് നടപടിക്രമത്തിന് വിരുദ്ധമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ വിശദീകരണങ്ങളും കോടതിക്ക് മുൻപാകെയെത്തും. അതേസമയം, തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡി ജി പി സർക്കാരിനോട് ശുപാർശ ചെയ്തു.