
ഉത്തര കേരളത്തിലെ മനുഷ്യർക്ക് ഒരു കാലത്ത് രാത്രിയെ പേടിയായിരുന്നു. സന്ധ്യ മയങ്ങി ഇരുട്ട് വീഴാൻ തുടങ്ങിയാൽ പിന്നെ നാടാകെ നിശബ്ദത പരക്കും. ആരും പുറത്തിറങ്ങാതെയായി, ഇരുട്ടിനെ അവർ വല്ലാതെ ഭയന്നിരുന്നു. രാത്രിയുടെ മറവിൽ തങ്ങളുടെ ജീവൻ അപഹരികുവാൻ പതുങ്ങി നിൽക്കുന്ന കൊലയാളി. ഇരുട്ടിനും ആ കൊലയാളിയെ ഭയമായിരുന്നു. ഒരു കാലത്ത് ലണ്ടനിലെ വൈറ്റ്ചാപ്പൽ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ജാക്ക് ദി റിപ്പർ എന്ന കൊലയാളിയുടെ പിൻഗാമിയായി ഒരു മനുഷ്യൻ നമ്മുടെ കൊച്ചു കേരളത്തിലും വിഹരിച്ചിരുന്നു. ഇരയെ തേടി നടക്കും, ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്നു ഇരകളെ നിഷ്ക്കരുണം തലയ്ക്കടിച്ചു കൊലപ്പെടുത്തും. ഇരയുടെ തലയോട്ടി ചിന്നിച്ചിതറുന്നത് കണ്ടു രസിച്ച കൊടും കുറ്റവാളി, റിപ്പർ ചന്ദ്രൻ (Ripper Chandran).
രാത്രി കാലങ്ങളിൽ വീടുകളിൽ കടന്നു കയറി ഇരുമ്പുവടിയും പിക്കാസും കൊണ്ട് ആളുകളുടെ തല അടിച്ചു പിളർക്കുന്നു. ഇരകളുടെ വിലപ്പെട്ടത് കൊള്ളയടിച്ച് ശേഷം ഇരുത്തിന്റെ മറവിലേക്ക് അയാൾ മറയുന്നു. 1985-86 കാലഘട്ടങ്ങളിലെ വടക്കൻ മലബാറിലെ മനുഷ്യരുടെ ഉറക്കം കെടുത്തിയിരുന്ന, പോലീസുകാർ പോലും ഭയന്നിരുന്നു ചന്ദ്രനെ. മരണ ശേഷവും റിപ്പർ ചന്ദ്രൻ എന്ന് പേരുകേട്ടാൽ ആരും ഒന്നും ഞെട്ടും, ഇരുട്ടിനെ പേടിക്കും.
റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രൻ
1950 ഡിസംബർ 18ന്, കാസർഗോഡ് നീലേശ്വരത്തിനടുത്തതായി കരിന്തളത്തതാണ് മുതുകുറ്റി ചന്ദ്രൻ (Muthukutty Chandran) എന്ന റിപ്പർ ചന്ദ്രന്റെ ജനനം. ദാരിദ്ര്യ കുടുംബത്തിൽ ജനിച്ച് ചന്ദ്രന്റെ ബാല്യം ഏറെ കയ്‌പ്പേറിയതായിരുന്നു. കള്ളിൽ ചേർക്കാനുള്ള കുരുന്നു കാട്ടിൽ നിന്നും ശേഖരിച്ച് ചന്തയിൽ കൊണ്ട് വിറ്റായിരുന്നു ചന്ദ്രന്റെ കുടുംബം ഓരോ ദിവസവും തള്ളിനീക്കിയത്. ചന്ദ്രന് 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അച്ഛന്റെ മരണത്തോടെ കുടുബത്തിന്റെ ജീവിതം ഏറെ ദുസ്സഹമായി തീർന്നു. അതോടെ സ്കൂൾ പഠനം പാടെ ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകേണ്ടി വന്നു ആ ബാലന്. എന്നാൽ പ്രായത്തിന് താങ്ങുവാൻ കഴിയാത്ത ജോലി ഭാരം, അതോടെ പണിയെല്ലാം വിട്ട് നാടുവിടാനായിരുന്നു ചന്ദ്രന്റെ തീരുമാനം. പതിനാലാം വയസ്സിൽ നാട് വിട്ട് ചന്ദ്രൻ കർണാടകയിലെത്തുന്നു. അവിടെ ചെറിയ മോഷണങ്ങൾ ഒക്കെ ചെയ്ത ജീവിതം മുന്നോട്ട് കൊണ്ട് പോയി. എപ്പോഴോ തിരികെ സ്വദേശത്ത് ചന്ദ്രൻ മടങ്ങിയെത്തിയിരുന്നു, അതും ഒന്നാന്തരം ക്രിമിനലായി.
നാട്ടിൽ മടങ്ങിയെത്തിയ ശേഷവും ചന്ദ്രന്റെ സ്ഥിരതാമസം കർണാടകയിലായിരുന്നു. വരുമ്പോഴൊക്കെ കൈയിൽ നിറയെ പണം കാണും. കർണാടകയിൽ അയാൾക്ക് എന്തോ ബിസിനസ്സ് ഉണ്ടെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. 1977ൽ ഒരു മോഷണക്കേസിൽ കാസർഗോഡ് നിന്നും പിടിയിലായടോടെയാണ് ചന്ദ്രന്റെ ക്രിമിനൽ ജീവിതം വെളിപ്പെട്ടു തുടങ്ങിയത്. കർണാടകയിലെ മോഷണ പരമ്പരകളുമായി മുന്നോട്ടു പോകവയാണ് ചന്ദ്രൻ തിന്മയ്യ എന്ന കള്ളനെ പരിചയെപ്പെടുന്നത്. പിന്നീട് അങ്ങോട്ടുള്ള കാലം ഇരുവരും ചേർന്നായി മോഷണവും കുറ്റകൃത്യങ്ങളും.
1985 സെപ്റ്റംബർ 10ന്, കാസർഗോഡ് ചെമ്മനാടിന്റെ അടുത്ത് കൈന്താറിലെ രമണിയായിരുന്നു ചന്ദ്രന്റെ ആദ്യത്തെ ഇര. രമണിയെ തലയ്ക്കടിച്ചു വീഴ്ത്തി പണവും ആഭരങ്ങളും കവർന്നു. തൊട്ടടുത്ത മാസം തന്നെ അടുത്ത കൊലപാതകവും അരങ്ങേറി. മഞ്ചേശ്വരത്തെ ബൻങ്കാറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ പിക്കാസ് കൊണ്ട് തലക്കടിച്ചു ചന്ദ്രൻ കൊലപ്പെടുത്തുന്നു. ഇതെല്ലാം ഒരു തുടക്കം മാത്രമായിരുന്നു.
ഹൈവേകളോടും റയിൽവെ പാതയോടും ചേർന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രൻ ആക്രമണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ചുറ്റിക കൊണ്ട് തലയിൽ ശക്തമായി അടിച്ചുവീഴ്ത്തിയതിനു ശേഷം കവർച്ചയും ബലാത്സംഘവും ചെയ്യുക എന്നതായിരുന്നു ചന്ദ്രന്റെ ആക്രമണരീതി. ഇരകളുടെ തല അടിച്ചു പൊട്ടിച്ച ശേഷം അത് കണ്ടു രസിക്കുന്ന കൊലയാളി, അതായിരുന്നു റിപ്പർ ചന്ദ്രൻ. 1980 നും 85 നുമിടയിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഭീതിയുടെ നിഴൽ പോലെ വിഹരിച്ചു കൊണ്ട് ചന്ദ്രൻ നര വേട്ടനടത്തി. വ്യത്യസ്ത ജില്ലകളിൽ അരങ്ങേറിയ കൊലപതകങ്ങളിലെ സമാനതയാണ് കൊലപാതകി ഒരാൾ തന്നെ എന്ന നിഗമനത്തിൽ പോലീസിനെ കൊണ്ടെത്തിക്കുന്നത്. ജാക്ക് ദി റിപ്പറിന് സമാനമായ കൊലപാതക രീതി റിപ്പർ എന്ന വിളിപ്പേര് അയാൾക്ക് നൽകി.
ഉത്തര കേരളത്തെയും തെക്കൻ കർണാടാകത്തെയും വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു റിപ്പർ കൊലപാതക പരമ്പരകൾ. ഗ്രാമപ്രദേശങ്ങളിൽ ഇരുൾമൂടികഴിഞ്ഞാൽ മരണത്തിന്റെ ദൂതനെ പേടിച്ചാണ് ഈ നാട്ടിലെ ഓരോ മനുഷ്യരും ഓരോ രാത്രിയും പേടിയോടെ തള്ളി നീക്കിയത്. ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഇരുട്ടിന്റെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് അയാൾ എപ്പോൾ വേണമെങ്കിലും തങ്ങളുടെ മുന്നിലേക്ക് ചാടി വീഴാം. ഇരുട്ടിന്റെ മറവിൽ ആയുധവും കയ്യിലേന്തി വരുന്ന ‘മരണദൂതൻ’ എന്നാണ് റിപ്പർ ചന്ദ്രനെ ജനം ഭീതിയോടെ വിശേഷിപ്പിച്ചത്. റിപ്പറിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. കേരളത്തിൽ മാത്രമായിരുന്നില്ല കർണാടകയിലും റിപ്പർ മോഡൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതോടെ സംയുക്തമായ അന്വേഷണത്തിന് തുടക്കമായി.
1986 ഫെബ്രുവരി 27 ന് കർണാടകയിലെ ചിക്കമംഗലൂർൽ വച്ച് ചന്ദ്രൻ പോലീസ് പിടിയിലാകുന്നു. പതിനാലു മനുഷ്യരെ നിഷ്ക്കരുണം കൊലപ്പെടുത്തിയ റിപ്പർ പിടിയിലായ വാർത്ത നാടെങ്ങും പരന്നു. 1987ൽ വിചാരണ ശേഷം കോടതി ചന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ചു. 14 കൊലപാതകങ്ങളിൽ ദമ്പതിമാരെ വധിച്ച കേസിൽ മാത്രമാണ് വധശിക്ഷ ലഭിച്ചത്, മറ്റുള്ളവയിൽ ജീവപര്യന്തവും. സുപ്രീം കോടതി വധശിക്ഷ ശരിവച്ചപ്പോൾ ചന്ദ്രൻ രാഷ്ട്രപതിക്കു ദയാഹർജി നൽകി. എന്നാൽ ദയാഹർജിയും തള്ളി. അതോടെ ബാക്കിയുള്ള ദിനങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ ചന്ദ്രന് സ്വന്തം മരണവും കാത്ത് കഴിയണ്ടി വന്നു.
1991 ജൂലൈ 6, പുലർച്ചെ നാലു മാണി കഴിഞ്ഞു കാണും. ചന്ദ്രനെ തൂക്കിലേറ്റാൻ സമയമായി. ആരാച്ചാർ ഇല്ലാതിരുന്നതിനാൽ അന്നത്തെ ജയിൽ സൂപ്രണ്ട് അരയാക്കണ്ടിപ്പാറ പച്ചഹൗസിൽ എൻ പി. കരുണാകരനാണ് വധശിക്ഷ നടപ്പാക്കാനുള്ള ചുമതല. ശിക്ഷ നടപ്പാക്കും മുൻപ് അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് ചന്ദ്രനോട് തിരക്കുന്നു. ഉടനെ വിധി നടപ്പിലാകും, അത് കേട്ടതും -
"എനിക്ക് ഒരു ഗ്ലാസ്സ് ചായ വേണം"
ചന്ദ്രൻ പറയുന്നു. ചായ കൊണ്ടെത്തിച്ചു, അതിൽ കുറച്ച് കുടിച്ചു. തുടർന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരെ തൂക്കുമരത്തിലേക്ക് ശാന്തനായി അയാൾ നടന്നു നീങ്ങി. കോടതി വിധി നടപ്പിലാക്കുവാൻ പോകുന്നു എന്ന് സൂപ്രണ്ട് പറഞ്ഞപ്പോൾ ചന്ദ്രൻ നൽകിയ മറുപടി,
"ഞാൻ തയ്യാറാണ് സാർ"
ഇതായിരുന്നു നാടിനെ വിറപ്പിച്ച കൊടുകുറ്റവാളിയുടെ അവസാന വാക്കുകൾ. പിന്നെ ഒട്ടും വൈകിയില്ല ശിക്ഷ നടപ്പിലാക്കി. ചന്ദ്രനെ തൂക്കിലേറ്റി. ചന്ദ്രന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും തന്നെ എത്തിയിരുന്നില്ല. നാട്ടിൽ കൊണ്ടുപോയാൽ എതിർപ്പുകൾ ഉണ്ടാകുമെന്ന ഭയം സഹോദരൻ അറിയിച്ചു. ചന്ദ്രന്റെ ജഡത്തെ പോലും ജനങ്ങൾ ഭയന്നിരുന്നു.