
തൊടുപുഴ : തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി.തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോർജ് മുസ്ലീം സമുദായത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്.
മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്‌ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാം. തനിക്ക് പ്രശ്‌നമില്ല. കോടതിയില്‍ തീര്‍ത്തോളാമെന്നും പി സി ജോർജിന്റെ പരാമർശം.
ജോർജിനെയും അജിത് കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനെ തുടർന്നാണ് അനീഷ് കാട്ടാക്കട കോടതിയെ സമീപിച്ചത്.