

ആശുപത്രിയിലായ ഷാനവാസ് ബിഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തിയോ? എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. ഇതുവരെ ഇതിൽ ഒരു അപ്ഡേറ്റ് പോലും ബിഗ് ബോസ് നൽകിയിരുന്നില്ല. ശനിയാഴ്ചയിലെ വാരാന്ത്യ എപ്പിസോഡിലും ഇതേപ്പറ്റി സൂചനകളുണ്ടായില്ല. എന്നാൽ, ഇന്നലെ രാത്രി പുറത്തുവന്ന ഒരു പ്രൊമോയിൽ ഈ സസ്പൻസ് പൊളിഞ്ഞിരിക്കുകയാണ്. ഇന്ന് നടക്കുന്ന എവിക്ഷനിൽ ആര് പുറത്തുപോകുമെന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രൊമോ.
സോഫയിൽ നിരന്നിരിക്കുന്ന മത്സരാർത്ഥികൾ ഷാനവാസ് ഇല്ല. എന്നാൽ, പിന്നീട് ഓരോരുത്തരോടായി ആരെ സേവ് ചെയ്യണമെന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇങ്ങനെ ഓരോരുത്തരും മറുപടി പറയുന്നതിനിടെ ആദിലയുടെ ക്ലോസ് ഷോട്ടിൽ ഷാനവാസിൻ്റെ തലയുടെ ഭാഗം കാണാം. ഇത് പ്രേക്ഷകർ കണ്ടുപിടിച്ചു. ഇതോടെയാണ് ഷാനവാസ് ഞായറാഴ്ചയിലെ വാരാന്ത്യ എപ്പിസോഡിൽ തിരികെയെത്തുമെന്ന് സൂചന ലഭിച്ചത്.
ഈ പ്രൊമോയിൽ സസ്പൻസ് പൊളിഞ്ഞതിന് പിന്നാലെ ഷാനവാസിനെ കൃത്യമായി കാണാവുന്ന മറ്റൊരു പ്രൊമോയും ഏഷ്യാനെറ്റ് പങ്കുവച്ചു. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് മത്സരാർത്ഥികളോട് അഭിപ്രായം ചോദിക്കുന്ന പ്രൊമോയിൽ ‘മോശം ക്യാപ്റ്റൻസി’ എന്ന് പറയുന്ന ഷാനവാസിനെ കാണാം. ഇതോടെ ഷാനവാസിൻ്റെ തിരിച്ചുവരവ് പ്രേക്ഷകർ ഉറപ്പിക്കുകയാണ്. അതേസമയം, ഇന്ന് നടക്കുന്ന എപ്പിസോഡിൽ ആര്യനും അക്ബറും പുറത്താവുമെന്നാണ് അഭ്യൂഹം. നെവിൻ ബിബി ഹൗസിൽ തന്നെ തുടരുമെന്നും സൂചനകളുണ്ട്.