തിരുവനന്തപുരം : ഫ്യൂസായ എൽ ഇ ഡി ബൾബുകളും ട്യൂബുകളും പുനരുപയോഗത്തിന് യോഗ്യമാക്കി വില്‍പ്പനക്കെത്തിച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു കൂട്ടം ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ഒരു വർഷം കൊണ്ട് ഹരിതകർമ്മ സേനാംഗങ്ങൾ വാർഡുകളിൽ നിന്നും ശേഖരിച്ച രണ്ടായിരത്തോളം ബൾബുകളും ട്യൂബുകളുമാണ് പുനരുപയോഗത്തിന് യോഗ്യമാക്കിയത്. മന്ത്രി എം ബി രാജേഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം......
ബൾബ് ഫ്യൂസായാൽ എന്ത് ചെയ്യും?
ഞങ്ങളത് പുനരുപയോഗിക്കും എന്നാണ് മറ്റത്തൂരിന്റെ മറുപടി.
നല്ല ഒരു കയ്യടി അർഹിക്കുന്ന മറ്റത്തൂർ മോഡൽ സന്തോഷപൂർവ്വം പരിചയപ്പെടുത്തട്ടെ. ഫ്യൂസായ എൽ ഇ ഡി ബൾബുകളും ട്യൂബുകളും പുനരുപയോഗത്തിന് യോഗ്യമാക്കുന്ന പ്രവർത്തനത്തിലാണ് മറ്റത്തൂരിലെ ഹരിതകർമ്മ സേനാംഗങ്ങൾ. മാലിന്യശേഖരണത്തിന് ശേഷമുള്ള സമയത്താണ് ബെറ്റിയും, ആമിനയും, സവിതയും, ഷമിയും, ദർശനയും ഈ സംരംഭം നടത്തുന്നത്. എല്ലാത്തിനും പിന്തുണയും വഴികാട്ടിയുമായി അശ്വതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുമുണ്ട്. ഒരു വർഷം കൊണ്ട് ഹരിത കർമ്മ സേനാംഗങ്ങൾ വാർഡുകളിൽ നിന്നും ശേഖരിച്ച രണ്ടായിരത്തോളം ബൾബുകളും ട്യൂബുകളുമാണ് ഇങ്ങനെ ഇവർ പുനരുപയോഗത്തിന് യോഗ്യമാക്കിയത്. ഇതോടൊപ്പം ചെറിയ കേടുപാടുകൾ വന്ന LED ബൾബുകളും ട്യൂബുകളും റിപ്പയർ ചെയ്ത് കൊടുക്കാനും സൗകര്യമുണ്ട്. IRTC യുടെ ‘ പാഴ്പുതുക്കം’ എന്ന ആശയത്തിലൂന്നിയാണ് ഈ പ്രവർത്തനം മുന്നോട്ടുപോവുന്നത്.
ഇന്നലെ നടന്ന ചടങ്ങിൽ പുനരുപയോഗ യോഗ്യമാക്കിയ ബൾബുകൾ ഏറ്റുവാങ്ങി വിപണന ഉദ്ഘാടനം നിർവഹിച്ചു. ഇങ്ങനെ ‘പുതുക്കിയ’ 4 ബൾബുകൾക്ക് 100 രൂപയാണ് ഈടാക്കുന്നത്. 6 മാസത്തെ ഗ്യാരണ്ടിയും ബൾബുകൾക്ക് നൽകുന്നു. ഇ മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കാനുള്ള ഈ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു. പദ്ധതിക്ക് നേതൃത്വം നൽകുന്ന മറ്റത്തൂർ ഗ്രാമപഞ്ചായത്തിനും ഹരിതകർമ്മ സേനാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.