

ആലപ്പുഴ: ഓഹരി വിപണിയിൽ നിക്ഷേപിച്ച് വൻ ലാഭം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഹരിപ്പാട് സ്വദേശിയായ 73-കാരനിൽ നിന്ന് എട്ട് കോടിയിലധികം രൂപ തട്ടിയെടുത്തു. ഹരിപ്പാട് നഗരസഭാ പരിധിയിൽ താമസിക്കുന്ന വയോധികനാണ് തട്ടിപ്പിന് ഇരയായത്. 'സി778 റിലയൻസ് കാപ്പിറ്റൽ ഇൻവെസ്റ്റേഴ്‌സ് ഹബ്' (C778 Reliance Capital Investors Hub) എന്ന വ്യാജ കമ്പനിയുടെ പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
പ്രമുഖ കമ്പനിയായ റിലയൻസ് കാപ്പിറ്റൽ ലിമിറ്റഡിന്റെ നിക്ഷേപക കേന്ദ്രമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ വയോധികനെ സമീപിച്ചത്.2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 20 വരെയുള്ള മൂന്ന് മാസത്തിനിടെയാണ് പണം കൈമാറിയത്.ആകെ 8,08,81,317 രൂപ (എട്ട് കോടി എട്ട് ലക്ഷത്തി എൺപതിനായിരത്തി മുന്നൂറ്റി പതിനേഴ് രൂപ) വയോധികന് നഷ്ടമായി.
നാല് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 73 തവണകളായാണ് പണം തട്ടിപ്പുകാർ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചത്.
ലാഭവിഹിതം ലഭിക്കാതെ വന്നതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ വയോധികന്റെ മകൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. നിക്ഷേപത്തിനായി പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചു വരികയാണ്.
ഓൺലൈൻ നിക്ഷേപങ്ങളിൽ വൻ ലാഭം വാഗ്‌ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങളെയും ഗ്രൂപ്പുകളെയും ജാഗ്രതയോടെ കാണണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.