ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ വിദഗ്ധ സംഘം അന്വേഷണം ഊർജ്ജിതമാക്കി. അണുബാധയുടെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡയാലിസിസ് സെന്ററിലും ആർ.ഒ വാട്ടർ പ്ലാന്റിലുമാണ് സംഘം പ്രധാനമായും പരിശോധന നടത്തിയത്.(Haripad dialysis patients deaths, Expert team conducts investigation)
ഡയാലിസിസിനായി ഉപയോഗിക്കുന്ന ആർ.ഒ പ്ലാന്റിലെ വെള്ളത്തിൽ നിന്ന് അണുബാധയേറ്റതാകാമെന്നാണ് സംഘത്തിന്റെ പ്രാഥമിക സംശയം. ഇതിന്റെ ഭാഗമായി വെള്ളം രാസപരിശോധനയ്ക്ക് അയച്ചു. ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാൻ കൾച്ചറൽ ടെസ്റ്റ്, എൻഡോടോക്‌സിൻ പരിശോധനകൾ നടത്തും. കൂടാതെ രോഗികൾക്ക് നൽകിയ മരുന്നുകളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറുമെന്ന് സംഘം അറിയിച്ചു. കഴിഞ്ഞ ഡിസംബർ 29-ന് ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ 26 പേരിൽ 6 പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഇതിൽ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവരാണ് മരണപ്പെട്ടത്. മറ്റുള്ളവർ നിരീക്ഷണത്തിലാണ്.