
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ നൽകിയ പ്രകൃതി വിരുദ്ധ പീഡന പരാതി ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തുന്നുവെന്നാരോപിച്ച് പരാതിക്കാരനായ യുവാവ് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫ് യുവാവിന്റെ മൊഴിയെടുത്തു. യുവാവിന്റെ പീഡന പരാതിയിൽ കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ കർണാടകയിലെ ദേവനഹള്ളി ഇന്റർനാഷനൽ എയർപോർട്ട് പൊലീസാണ് അന്വേഷിക്കുന്നത്.
അസി. കമീഷണർ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മാങ്കാവ് സ്വദേശിയായ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ടെന്നും കേസുമായി പോയാൽ നീതി കിട്ടുമോ എന്നെല്ലാം ചോദിച്ചാണ് സമ്മർദമെന്നാണ് യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.