തിരുവനന്തപുരം: നടൻ ദിലീപിന് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ ഈശ്വർ. തന്നെപ്പോലുള്ളവർ കള്ളക്കേസിൽ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങാനായി കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.(Happy that Dileep got justice, says Rahul Easwar)
"കിഡ്നിക്ക് പ്രശ്‌നമാവുന്നു എന്ന് ഡോക്ടർ പറഞ്ഞതിനാലാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയും ഞാൻ കിടന്നു. 11 ദിവസമായി ജയിലിലാണ്. സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ് ഇത്, എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല. എൻ്റെ 11 കിലോ കുറഞ്ഞു," - രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ രാവിലെ 11 മണി വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനായിട്ടാണ് രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് അദ്ദേഹം. അതേസമയം, കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന നാളെത്തന്നെ രാഹുൽ ഈശ്വർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രി സെല്ലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വർ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. 3 ദോശയും ചമ്മന്തിയും കഴിച്ചുകൊണ്ടാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്. ഈ മാസം ആറാം തീയതി കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിൻ്റെ പിന്മാറ്റം.
അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് അദ്ദേഹം നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.