ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിലെ പിതൃസ്വത്ത് തർക്കത്തെത്തുടർന്ന് മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷാവിധി മറ്റന്നാൾ (ഒക്ടോബർ 30) പ്രഖ്യാപിക്കും.(Hameed found guilty in case of burning his son and family to death in Cheenikuzhy murder case )
2022 മാർച്ച് 19-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പിതൃസ്വത്ത് ഹമീദിന്റെ പേരിൽ എഴുതി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരകൃത്യം. ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് കേസിൻ്റെ വിചാരണ വേഗത്തിലാക്കിയത്.
ഹമീദിൻ്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്. മകനെയും രണ്ട് മക്കൾ അടങ്ങുന്ന കുടുംബത്തേയും പെട്രോൾ ഒഴിച്ച് ചുട്ടുകൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതി. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമാണ് കൃത്യം നടത്തിയത്. തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ ഒഴുക്കിവിട്ടു. മോട്ടോർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു.
വീടിൻ്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. കൊലപാതകം പൊതുസമൂഹത്തെ ഞെട്ടിച്ചെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷ പരമാവധി കുറക്കണമെന്നും നിയമവിരുദ്ധമായി പെട്രോൾ വാങ്ങിച്ചു സൂക്ഷിച്ചതാണ് അപകട കാരണം എന്നുമാണ് പ്രതിഭാഗം വാദിച്ചത്.
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തനിക്ക് ശ്വാസംമുട്ടലും, പൈൽസും, മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നായിരുന്നു ഹമീദിൻ്റെ മറുപടി.