

മലപ്പുറം: മലയോര മേഖലയായ കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് പന്നിയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത് കടുവയുടെ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.(Half-eaten pig carcass found, Tiger scare in Malappuram)
കടുവയെ തിരിച്ചറിയുന്നതിനായി വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കടുവ പതിയിരിക്കാൻ സാധ്യതയുള്ള എസ്റ്റേറ്റുകളിലെയും തോട്ടങ്ങളിലെയും കാടുകൾ വെട്ടിമാറ്റാൻ തുടങ്ങിയിട്ടുണ്ട്. റബ്ബർ ഉത്പാദന സീസൺ ആയതിനാൽ പുലർച്ചെ മൂന്ന് മണി മുതൽ ടാപ്പിംഗിനായി എത്തുന്ന തൊഴിലാളികൾ വലിയ ഭീതിയിലാണ്. പാന്ത്ര, പാറശ്ശേരി, അടക്കാക്കുണ്ട് ഭാഗങ്ങളിൽ കഴിഞ്ഞ മാസങ്ങളിലും കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
പുലർച്ചെയും രാത്രിയിലും തനിയെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. കടുവയെ കണ്ടെത്തിയാൽ ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കാനായി പ്രത്യേക ടീമിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.