തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടായിരുന്നുവെന്നാണ് ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്.(Had Friendship with the woman, Rahul Mamkootathil files anticipatory bail plea)
യുവതിയുടെ പീഡനാരോപണം രാഹുൽ പൂർണമായും നിഷേധിച്ചു. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല എന്നും ഹർജിയിൽ പറയുന്നു.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ആയിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. ഡി.സി.പി.യും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാണ് സംഘം. ഉദ്യോഗസ്ഥർ ആരൊക്കെയായിരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആയിരിക്കും ഉത്തരവ് പുറത്തിറക്കുക. ഇത് ഇന്ന് വൈകുന്നേരത്തോടെ ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് ആദ്യം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. എന്നാൽ, കുറ്റകൃത്യം നടന്നത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് നേമം സ്റ്റേഷനിലേക്ക് കൈമാറിയത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴിയും രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ ഒളിവിലാണ്. ഇദ്ദേഹത്തിനായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.