ആലപ്പുഴ : ജി സുധാകരനെതിരെ എച്ച് സലാം എം എൽ എ രംഗത്തെത്തി. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ അവിടെ പറയണമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മാധ്യമങ്ങളിലൂടെയോ മറ്റോ പുറത്ത് പോകുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(H Salam against G Sudhakaran)
പാർട്ടിയിൽ നിൽകുമ്പോൾ പാർട്ടിക്കെതിരായി പറയാൻ പാടില്ലന്നും, തനിക്കും സുധാകരനും എല്ലാവർക്കും ഇത് ബാധകമാണെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വർഷവും പി കൃഷ്ണപിള്ള ദിനം ജി സുധാകരൻ ഉദ്‌ഘാടനം ചെയ്തിരുന്നുവെന്നും, ഇത്തവണ ക്ഷണിച്ചില്ല എന്നുള്ള വാദം തെറ്റാണെന്നാണ് എം എൽ എ പറഞ്ഞത്.
സജി ചെറിയാനെ വിമർശിച്ച് ജി സുധാകരൻ
മന്ത്രി സജി ചെറിയാനെ കടന്നാക്രമിച്ച് ജി സുധാകരൻ രംഗത്തെത്തി. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും, ടീ പാർട്ടി നടത്തിയെന്നും പറഞ്ഞ അദ്ദേഹം, സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും, തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
താൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും, പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തിയ സജി ചെറിയാനെ ഇതുവരെ വിലക്കിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ അദ്ദേഹത്തിനില്ല എന്നും ജി സുധാകരൻ തുറന്നടിച്ചു.