തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,53,16,495 രൂപ വരുമാനമായി ലഭിച്ചു. ഡിസംബർ 19-ന് വൈകിട്ടോടെയാണ് ദേവസ്വം അധികൃതർ കണക്കെടുപ്പ് പൂർത്തിയാക്കിയത്. പണത്തിന് പുറമെ സ്വർണ്ണവും വെള്ളിയും വലിയ അളവിൽ ഭക്തർ വഴിപാടായി സമർപ്പിച്ചിട്ടുണ്ട്.(Guruvayur treasury revenue 6.53 crores, Banned notes received)
6,53,16,495 രൂപയാണ് ആകെ വരുമാനം. 2 കിലോ 720 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും, 13 കിലോ 670 ഗ്രാം വെള്ളിയും ഇത്തവണ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച നോട്ടുകൾ ഇത്തവണയും ഭണ്ഡാരത്തിൽ കണ്ടെത്തി എന്നത് ശ്രദ്ധേയമാണ്.
2000 രൂപയുടെ 14 നോട്ടുകൾ, നിരോധിച്ച 1000 രൂപയുടെ 16 നോട്ടുകൾ, പഴയ 500 രൂപയുടെ 38 നോട്ടുകൾ എന്നിവയാണ് ലഭിച്ചത്. ക്ഷേത്രത്തിലെ കിഴക്കേ നടയിലുള്ള കൂത്തമ്പലത്തിലാണ് ഭണ്ഡാരം എണ്ണൽ നടന്നത്.