
വിജ്ഞാനകേരളം പദ്ധതിയും കുടുംബശ്രീ മിഷനും ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽമേളയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ 500 പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നു. ആഗസ്റ്റ് ഒമ്പതിന് "പ്രതീക്ഷ" എന്ന പേരിൽ നടത്തുന്ന തൊഴിൽമേളയ്ക്ക് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളാണ് വേദിയാവുക.
തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് സ്മാർട്ട് ഫോൺ വഴി മൊബലൈസേഷൻ ക്യാമ്പയിനുകൾ നടത്തിയതോടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഒഴിവുകൾ ശേഖരിക്കുകയും, നഗരസഭ സിഡിഎസിന്റെ നേതൃത്വത്തിൽ ആവശ്യമായ തൊഴിൽ അന്വേഷകരെ കണ്ടെത്തുകയും ചെയ്തു. സിഡിഎസ് യോഗം ചേർന്ന് എഡിഎസുകളിലെയും അയൽക്കൂട്ടങ്ങളിലെയും അപേക്ഷകരെ തിരഞ്ഞെടുത്ത് ഗൂഗിൾ ഫോം മുഖേന രജിസ്റ്റർ ചെയ്യുന്നതിലൂടെ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ ശേഖരിച്ചു.
ടൂറിസം, ഹോസ്പിറ്റാലിറ്റി, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, റിസപ്ഷനിസ്റ്റ്, ബില്ലിംഗ് സ്റ്റാഫ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സൂപ്പർവൈസർ തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
തൊഴിൽമേളയിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, വോയിസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി ചെയർമാൻമാരായ ഷഫീർ, ശൈലജ സുധൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. സലീൽ യു, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.കെ. പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ വിനീത എ.കെ, സിതാര കെ.ജെ, സിറ്റി മിഷൻ മാനേജർ ദീപ വി.എസ്, വിജ്ഞാന കേരളം തൃശൂർ ജില്ലാ കോർഡിനേറ്റർ ജ്യോതിഷ് കെ.വി, അസോസിയേറ്റ് ഡയറക്ടർ സുമി, ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, നഗരസഭ ഇന്റേൺ ദീപക് എന്നിവർ പങ്കെടുക്കും.