
കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി)യിൽ നടപ്പിലാക്കിയ പരിഷ്കരണത്തിന് തിങ്കളാഴ്ച മുതൽ തുടക്കം. നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്കാണ് മാറുന്നത്. അതായത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയായിരുന്നു നേരത്തെയുണ്ടായിരുന്ന സ്ലാബുകൾ. ഇത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബായി ചുരുങ്ങും.
സെപ്തംബര്‍ 3ന് ചേർന്ന 56-മത് ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജിഎസ്ടി ബാധകമായ നിരവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങൾക്കാവശ്യമായ സാധനങ്ങളുടെയും നികുതി നിരക്ക് കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. പുതിയ ഭേദഗതി നടപ്പാകുമ്പോൾ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളിൽ മിക്കവയ്ക്കും വില കുറയും. ലൈഫ്-ആരോഗ്യ-ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റൊട്ടി വിഭവങ്ങളും ഇനി മുതൽ ജിഎസ്ടി രഹിതമായിരിക്കും.
വില കുറയുന്ന സാധനങ്ങൾ:
വെണ്ണ, നെയ്യ്, പാലുത്പന്നങ്ങൾ, ഷാമ്പു, ഹെയർഓയിൽ, ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കൽ ഡയപ്പർ, വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷുറൻസ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികൾ, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, മാർബിൾ, ഗ്രാനേറ്റ്, സിമന്റ് മുതലായവ.
വില കൂടുന്ന സാധനങ്ങൾ:
പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ, 2,500 രൂപയിൽ കൂടുതൽ വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, കാർബണേറ്റ് പാനീയങ്ങൾ, മധുരം ചേർത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങൾ എന്നിവ.