
കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്‌ത ജിഎസ്‌ടി കൗണ്‍സിലിന്‍റെ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതിനൊപ്പം വ്യവസായ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന നടപടിയാണെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സിഇഒ രാകേഷ് ജെയിന്‍ പറഞ്ഞു. പലപ്പോഴും ഇന്‍ഷുറന്‍സ് പ്രീമിയം ഒരു ഭാരമായി തോന്നുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ചെറിയ ബിസിനസ്സുകള്‍ക്കും ഈ പരിഷ്‌കാരത്തിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.
പോളിസി വാങ്ങുന്നതിനുള്ള പ്രാരംഭ പ്രീമിയം കുറയ്ക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് നേരത്തേ ഇന്‍ഷുറന്‍സ് കവറേജ് എടുക്കാന്‍ പ്രോത്സാഹനമാകും. ഇതുവഴി ഇന്‍ഷുറന്‍സ് എടുത്ത എല്ലാവരുടെയും പ്രീമിയം ചേരുമ്പോഴുള്ള ആകെ തുക ശക്തിപ്പെടുകയും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ദീര്‍ഘകാല പ്രതിരോധശേഷി ലഭിക്കുകയും ചെയ്യും. ഇന്‍ഷുറന്‍സ് ഒരു സാമ്പത്തിക പദ്ധതി മാത്രമല്ല വര്‍ധിച്ചുവരുന്ന ആരോഗ്യ ചെലവുകളും അപ്രതീക്ഷിത അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള കുടുംബങ്ങളുടെ സംരക്ഷണം കൂടിയാണ്.
ഉപഭോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഒരുപോലെ പ്രയോജനകരമായ സാഹചര്യം സൃഷ്ടിക്കുകയും ആരോഗ്യപരവും സാമ്പത്തികമായി സുരക്ഷിതവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് അര്‍ത്ഥവത്തായ സംഭാവന നല്‍കുകയും ചെയ്യുന്ന ഭാവിയിലേക്കുള്ള പരിഷ്‌കരണമായാണ് ഇതിനെ കാണുന്നതെന്നും രാകേഷ് ജെയിന്‍ പറഞ്ഞു.