
പുതുനഗരം: കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങി മരിച്ചു. വടതോട് ദാവൂദിന്‍റെ ഭാര്യ നബീസ (55) ആണ് മരിച്ചത്. പട്ടി ആക്രമിക്കാനെത്തിയതിനെ തുടർന്ന് ഓടിയ കുട്ടി കുളത്തിൽ വീഴുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. നബീസ മകൾ ഷംനയുടെ മകൾ ഷിഫ ഫാത്തിമയോടൊപ്പം (10) വീടിനു സമീപം ആടിനെ മേക്കുമ്പോൾ നായ് പേരക്കുട്ടിയെ ആക്രമിക്കാൻ വരുകയും പേടിച്ച് ഓടുന്നതിനിടെ ഷിഫ ഫാത്തിമ സമീപത്തെ കുളത്തിൽ വീഴുകയുമായിരുന്നു. പേരക്കുട്ടിയെ രക്ഷിക്കാൻ കുളത്തിലിറങ്ങിയ നബീസ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ ഷിഫ ഫാത്തിമയെ രക്ഷപ്പെടുത്തി. നബീസയെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രിയിൽ. പരിക്കേറ്റ ഷിഫ ഫാത്തിമ ചികിത്സയിലാണ്. നബീസയുടെ മകൻ: യാസിൻ.