തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ നിന്നുള്ള പിൻമാറ്റത്തിന്മേലുള്ള സമവായ ശ്രമങ്ങൾക്ക് ശേഷം സി.പി.ഐ. നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, സി.പി.ഐ. നേതാവ് പ്രകാശ് ബാബു എന്നിവർക്കെതിരെയാണ് ശിവൻകുട്ടി ആഞ്ഞടിച്ചത്.(GR Anil spoke in an insulting manner, Minister V Sivankutty openly criticizes)
സി.പി.ഐ. ഓഫീസിനു മുന്നിൽ വെച്ച് ജി.ആർ. അനിൽ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് ശിവൻകുട്ടി ആരോപിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് എന്തിനാണ് ഒപ്പിട്ടതെന്ന് വിശദീകരിക്കാനാണ് താൻ ഫോൺ വിളിച്ച ശേഷം ഓഫീസിൽ പോയത്. എന്നാൽ, കൂടിക്കാഴ്ചക്ക് ശേഷം അനിൽ മാധ്യമങ്ങളോട്, "ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ" എന്ന് പറഞ്ഞ് തന്നെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചു. ഇത് മര്യാദയില്ലാത്ത സംസ്കാരമാണ്.
പ്രകാശ് ബാബു സി.പി.എം. നേതാവ് എം.എ. ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായൻ എന്ന് പറഞ്ഞത്? ബേബിയോട് സഹതാപം എന്ന് പറഞ്ഞു. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്, അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചുവെന്നും, ഇവർക്കൊന്നും തൻ്റെ ചരിത്രം അറിയില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. എന്നീ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം അതിരുകടന്നുവെന്നും, തൻ്റെ കോലം എന്തിനു കത്തിച്ചുവെന്നും അദ്ദേഹം ചോദിച്ചു. "എൻ്റെ വീട്ടിലേക്ക് രണ്ടു തവണ പ്രകടനം നടത്തി. ഞാൻ ബിനോയ് വിശ്വത്തെ വിളിച്ച് പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞു," ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഒരാഴ്ച നീണ്ട വിവാദങ്ങൾക്കൊടുവിലാണ് കേരളം താൽക്കാലികമായി തുടർനടപടികൾ നിർത്തിവെച്ച് 'യൂ ടേൺ' എടുത്തത്. സി.പി.ഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വി. ശിവൻകുട്ടി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. എന്നാൽ ഈ സമിതി ഉടൻ റിപ്പോർട്ട് നൽകാൻ സാധ്യതയില്ല.