
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയിൽ മാറ്റാൻ തീരുമാനം(Govindachamy). വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കണ്ണുർ സെൻട്രൽ ജയിലിൽ നിന്നും പ്രതിക്ക് രക്ഷപ്പെടാനുള്ള സഹായം ലഭിച്ചെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിയ്യൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനമായിരിക്കുന്നത്. അതീവ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് നടപടി.
ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തു ചാടിയത്. അതി സുരക്ഷാ മേഖലയായ ബ്ലോക്ക് 10 ലെ ബി സെല്ലിലെ ഇരുമ്പു കമ്പി മുറിച്ചാണ് പ്രതി ജയിൽ ചാടിയത്. പുറത്തു കടന്ന് നാലര മണിക്കൂറിനുള്ളിൽ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി. കണ്ണൂർ കാളപ്പ് ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.