

തിരുവനന്തപുരം: നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ദശകങ്ങളോളം മലയാള സിനിമയെ വിസ്മയിപ്പിച്ച ശ്രീനിവാസന്റെ വിയോഗത്തിൽ ഗവർണർ ദുഃഖം രേഖപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഭിനയത്തിലും രചനയിലും ശ്രീനിവാസൻ കാഴ്ചവെച്ച വിശിഷ്ട പ്രകടനങ്ങൾ മലയാളികൾ എന്നെന്നും ഓർത്തിരിക്കും.അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയൊരു നഷ്ടമാണ്.ദുഃഖിതരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പരേതന്റെ ആത്മാവിന് മുക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ഗവർണർ കുറിച്ചു.
ഇന്ന് രാവിലെ ഡയാലിസിനായി പോകുന്നതിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ച് ശ്രീനിവാസൻ അന്തരിച്ചത്. 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 200-ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളിയുടെ സാമൂഹിക ജീവിതത്തെ ഇത്രത്തോളം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച മറ്റൊരു പ്രതിഭയില്ലെന്ന് രാഷ്ട്രീയ-സാംസ്‌കാരിക ലോകം ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.