തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാർക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിൽ (ലോക് ഭവൻ) ചായസൽക്കാരം ഒരുക്കി. വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിരുന്നിൽ കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്. കോർപ്പറേഷനിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്.
ശ്രദ്ധേയമായി ഇടത് അംഗങ്ങളുടെ സാന്നിധ്യം
വിരുന്നിൽ പങ്കെടുക്കുന്ന കാര്യത്തിൽ ആദ്യം അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും ഇടത്, യുഡിഎഫ് കൗൺസിലർമാർ വിരുന്നിനെത്തി. ചുവപ്പ് വസ്ത്രം ധരിച്ചാണ് എൽഡിഎഫ് അംഗങ്ങൾ ഗവർണറെ കാണാനെത്തിയത് എന്നത് ശ്രദ്ധേയമായി. 29 എൽഡിഎഫ് അംഗങ്ങളും 19 യുഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് കോർപ്പറേഷനിലുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നഗരവികസന ചർച്ചകൾക്കും വിരുന്ന് വേദിയായി.
വിട്ടുനിന്ന് ആർ. ശ്രീലേഖ
ബിജെപിയിലെ പ്രമുഖ കൗൺസിലറും ശാസ്തമംഗലം വാർഡ് പ്രതിനിധിയുമായ ആർ. ശ്രീലേഖ വിരുന്നിൽ നിന്ന് വിട്ടുനിന്നു. കോർപ്പറേഷനിൽ ബിജെപി ഭരണത്തിലെത്തിയപ്പോൾ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ശ്രീലേഖയ്ക്ക് കടുത്ത അസംതൃപ്തിയുണ്ടായിരുന്നു. ഈ അതൃപ്തിയുടെ തുടർച്ചയായാണ് ഔദ്യോഗിക വിരുന്നിൽ നിന്നുള്ള ശ്രീലേഖയുടെ വിട്ടുനിൽക്കൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.